വിവേകം, വിരക്തി, ശമാദി ഗുണങ്ങള്‍, മുമുക്ഷുത്വം – ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മാത്രമേ ബ്രഹ്മാന്വേഷണത്തിന് അര്‍ഹതയുള്ളൂ.
സത്തും അസത്തും തമ്മില്‍ - സത്യവും മിഥ്യയും തമ്മില്‍ - നിത്യവും അനിത്യവും തമ്മില്‍ വേര്‍തിരിച്ചരിയുവനുള്ള കഴിവാണ് വിവേകം.
വൈരാഗ്യം വിവേകത്തിന്റെ പൂര്‍ത്തീകരണമത്രേ. നിത്യാനിത്യവസ്തുക്കളെക്കുറിച്ചു ശരിയായി വിവേക വിചാരം ചെയ്തു നിത്യമിന്നത്, അനിത്യമിന്നത് എന്ന് വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍, അനിത്യ വസ്തുക്കളില്‍ ഇന്ന് നമുക്കുള്ള രാഗത്തെ വെടിയാനുണ്ടോ പ്രയാസം? വിവേകത്തിന്റെ ദൃഢതക്ക് അനുസരിച്ചിരിക്കും വൈരാഗ്യത്തിന്റെ പ്രകടനം. “എന്‍റെ നിഴലല്ല ഞാന്‍” എന്നെനിക്കു ബോദ്ധ്യം വന്നിട്ടുണ്ടെങ്കില്‍, നിഴലിന്നു സംഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് മുക്തനാവാന്‍ എനിക്കൊട്ടും പ്രയാസമില്ല. പതിനായിരം മദയാനകള്‍ എന്‍റെ നിഴല്‍ ചവിട്ടിമെതിച്ച്‌കൊണ്ട് കടന്നു പോകുമ്പോഴും, എനിക്ക് സുസ്മേരവദനനായി, സസുഖം നിലകൊള്ളാന്‍കഴിയും. കാരണം, നിഴലിനു അനുഭവിക്കേണ്ടിവരുന്ന അത്യാഹിതങ്ങളൊന്നും എന്നെ ബാധിക്കില്ല എന്നെനിക്കു ബോധ്യമുണ്ട്.
വിഷയങ്ങളെല്ലാം ദോഷദൂഷിതങ്ങളും അനര്‍ത്ഥകാരികളുമാണെന്ന് കണ്ടു, അവയില്‍നിന്ന് വീണ്ടും വീണ്ടും പിന്‍വാങ്ങി, സ്വലക്ഷ്യമായ ആത്മതത്വത്തില്‍ തന്നെ നിശ്ചലമായി നിലകൊള്ളുന്ന മനസ്സിന്റെ ശാന്തമായ അവസ്ഥയാണ് “ശമം”. മന:സംയമനം.
മനിക്കുക – ചിന്താതരങ്കങ്ങളെ സൃഷ്ടിക്കുക – എന്നത് മനസ്സിന്റെ സ്വഭാവമാണ്. മറ്റൊന്നും ചെയ്യാനില്ലെങ്കില്‍, ഏതെങ്കിലും വിഷയവസ്തുക്കളില്‍ അത് വ്യപരിച്ചുകൊണ്ടിരിക്കും – വിഷയഗ്രഹണം ചെയ്തുകൊണ്ടിരിക്കും. അതിനാല്‍ ഇന്ദ്രിയവിഷയങ്ങളെക്കാള്‍ കൂടുതല്‍ മഹത്തും, പാവനവും, ദിവ്യവുമായ ഒരാശയത്തില്‍, ഏതെങ്കിലും ഉപായത്തിലൂടെ മനസ്സിനെ ആമഗ്നമാക്കി നിര്‍ത്താന്‍ - രമ്യതയോടെ വർത്തിപ്പിക്കാൻ - യോഗശാസ്ത്രം അനുശാസിക്കുന്നു.
ജ്ഞാനേന്ദ്രിയങ്ങളെയും, കർമ്മേന്ദ്രിയങ്ങളെയും അവയുടെ വിഷയങ്ങളില്‍ നിന്ന് നിവർത്തിപ്പിച്ചു, അതാത്ഇന്ദ്രിയഗോളങ്ങളില്‍തന്നെ സ്ഥാപിക്കുന്നതിനെ “ദമം” (ഇന്ദ്രിയനിയന്ത്രണം) എന്ന് പറയുന്നു. ശമത്തെക്കാള്‍ കൂടുതല്‍ ബാഹ്യമായ നിലവാരത്തിലുള്ള സംയമനം (അച്ചടക്കം) ആണ് ദമം എന്ന് പറയാം. ചുരുക്കത്തില്‍, ബഹിരിന്ദ്രയങ്ങുളുടെ നിയന്ത്രണമാണ് ദമം. ശമമാകട്ടെ, ലൌകീകവിഷയങ്ങളില്‍ വ്യാപരിക്കാതെ, പരമാത്മചിന്തനത്തില്‍ മുഴുകി പ്രശാന്തമായിരിക്കുന്ന മനസ്സിന്‍റെ സമ്യാവസ്ഥയും.
ശമവും ദമവും വേണ്ടത്ര ആര്‍ജിച്ചുകഴിഞ്ഞാല്‍ “ഉപരതി” (തന്നില്‍ത്തന്നെ വര്‍ത്തിക്കല്‍ - രമിക്കല്‍) സ്വയമേവ വന്നു ചേരും. ബാഹ്യവിഷയങ്ങളില്‍ (വിഷയങ്ങളുടെ ഭാവത്തിലും അഭാവത്തിലും – അഥവാ, അവയുടെ അനുകൂലമോ പ്രതികൂലമോ ആയ നില്പിലും) സ്വാധീനിക്കപ്പെടാതെ – ബാധിക്കപ്പെടാതെ – അവയെ ആശ്രയിക്കാതെ നില്‍ക്കുന്ന മനസ്സിന്റെ അവസ്ഥയാണ് ഉപരതി – ഏകാഗ്രത.
പ്രതികാരം (പ്രതിവിധി) ചെയ്യാന്‍ വെപ്രാളപ്പെടാതെയും, ചിന്തയോ വിലാപമോ കൂടാതേയും വന്നുചേരുന്ന ദുക്കങ്ങളെയെല്ലാം സഹിക്കാനുള്ള കഴിവാണ് തിതിക്ഷാ. ജീവിതമൂല്യങ്ങളുടെ മഹനീയതയെകുറിച്ചും, ലക്ഷ്യത്തിന്റെ പറമോത്ക്രിഷ്ടതയെക്കുറിച്ചും, ബുദ്ധിക്കു പൂര്‍ണബോധ്യം വന്നു കഴിഞ്ഞാല്‍, അത് നേടാനുള്ള ശ്രമത്തില്‍, സകല പ്രതിബന്ധങ്ങളേയും വിഷമതകളേയും മനസ്സു സസന്തോഷം നേരിടും. ഈ മാര്‍ഗത്തില്‍ വന്നുചേരാവുന്ന എല്ലാ വെല്ലുവിളികളേയും ഉന്മേഷത്തോടെ നേരിടാനും, എല്ലാ വിഘ്നങ്ങളേയും ക്ഷമയോടെ, മൌനമായി, മുറുമുറുപ്പില്ലാതെ സഹിച്ചു നിസ്സാരഭാവത്തില്‍ തള്ളിക്കളയാനുള്ള കഴിവാണ് തിതിക്ഷ.
വേദാന്തവാക്യങ്ങളുടെയും ഗുരുപദേശങ്ങളുടെയും പൊരുള്‍ ശരിയാംവണ്ണം ബോധിക്കാന്‍ കഴിയുന്നത് യാതോന്നുകൊണ്ടാണോ, ആ യോഗ്യതയെ ജ്ഞാനികള്‍ “ശ്രദ്ധാ” എന്ന് പറയുന്നു. അതുണ്ടെങ്കിലെ ആത്മദര്‍ശനം സാധ്യമാകൂ.
എല്ലായ്പോഴും, എല്ലാ പ്രകാരത്തിലും ബുദ്ധിയെ ശുദ്ധബ്രഹ്മത്തില്‍ ഉറപ്പിച്ചു നിര്‍ത്തലാണ് – നിരന്തര ബ്രഹ്മവിചാരത്താല്‍ ബുദ്ധി പൂര്‍ണമായും നിശ്ചലതയെ പ്രാപിക്കുന്ന അവസ്ഥയാണ് – സമാധാനം. കെട്ടുറപ്പുള്ള അസ്ഥിവാരത്തില്‍ പടുത്തുയര്‍ത്തിയ വിവേകയുക്തമായ ബുദ്ധിയും, വൈരാഗ്യസംപന്നമായ മനസ്സും പരമോല്‍ത്ക്രിഷ്ടമായ ഭാവനകളില്‍ നിര്‍വ്രിതമായിരിക്കുമ്പോള്‍ ഉണ്ടായിതീരുന്ന ആന്തരീകമായ പ്രശാന്തിയാണ് “സമാധാനം.
സ്വസ്വരൂപജ്ഞാനം നേടുന്നതിലൂടെ, അഹങ്കാരം തൊട്ടു ദേഹം വരെയുള്ള ഉപാധികളിലെ, അജ്ഞാന കല്പിതങ്ങളായ ബന്ധനങ്ങളില്‍നിന്നു മോചനം നേടാനുള്ള തീവ്രേച്ചയാണ് “മുമുക്ഷുത്വം. സ്വസ്വരൂപബോധം ഇല്ലാത്തതിനാല്‍ (അജ്നാനത്താല്‍) എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും (അന്യതാജ്ഞാനം) എന്‍റെ മനസ്സില്‍ ഉണ്ടായിത്തീരുന്നു. ശരീര-മനോ-ബുദ്ധ്യോപാധികളില്‍ അഭിമാനിച്ചു അവയുമായി താതാത്മ്യം പ്രാപിക്കുമ്പോള്‍ അവ ഞാനാണ് എന്ന പ്രതീതി ജനിക്കുന്നു. ഇത് തന്നെ അഹങ്കാരം. നമ്മുടെ സര്‍വബന്ധനങ്ങൾക്കും പരിമിതികള്‍ക്കും കാരണം ഈ അഹങ്കാരമത്രേ. ബന്ധനങ്ങള്‍ ഒന്നുംതന്നെ ആത്മാവിന്നു ബാധകമല്ല. താന്‍ നിത്യ ശുദ്ധ ബുദ്ധ മുക്ത സച്ചിതാനന്ദ സ്വരൂപമാണ് എന്നറിയായ്കയാല്‍, അതില്‍നിന്ന് ഭിന്നമായ എന്തൊക്കെയോ ആണ് ഞാനെന്നു തെറ്റിദ്ധരിക്കാനിടയാകുന്നു. ഈ മിഥ്യാഭിമാനിയാണ് ജനി-മൃതി-ബന്ധന-ദുഖങ്ങള്‍ക്ക് കാരണമായ “ജീവന്‍”. സച്ചിതാനന്ദമാണ് എന്‍റെ യഥാര്‍ത്ഥ സ്വരൂപം എന്നറിഞ്ഞു അതായിതീരുന്നതോടെ, സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മനുഷ്യന്‍ മുക്തനാവുന്നു. ഇതാണ് പരിണാമത്തിന്റെ പരമകാഷ്ഠ – ജീവിത യാത്രയുടെ അന്തിമലക്ഷ്യം. നിത്യനിരന്തരമായി, ശ്രദ്ധാപൂര്‍വ്വം, ആജീവനാന്തം അനുഷ്ടിക്കുന്ന ധന്യജീവിതത്തിന്റെ ഫലമായാണ് പറയപ്പെട്ട ജന്മസാഫല്യം സാധ്യമായിതീരുന്നത്.സത്യമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നതിനുവേണ്ടി ജീവിതത്തിലെ ഓരോ നിമിഷവും ബോധപൂര്‍വം വിനിയോഗിക്കുന്നതില്‍ ദത്തശ്രദ്ധനായ ധന്യാത്മാവാണ് മുമുക്ഷു.

No comments:
Post a Comment